ലോക കേരള സഭ ബഹിഷ്‌കരിച്ച നടപടിയില്‍ വിമര്‍ശനവുമായി പ്രതിനിധികള്‍. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാണ് സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതെന്നും സ്വന്തമായി ടിക്കറ്റെടുത്ത് വരുന്നവര്‍ക്ക് ഭക്ഷണം തരുന്നതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചു. മൂന്നാം ലോക കേരള സഭയില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്. ഭക്ഷണം തരുന്നത് ധൂര്‍ത്താണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നായിരുന്നു എം.എ.യൂസഫലിയുടെ പ്രതികരണം.
കാല കാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഃഖിപ്പിക്കരുത്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണം. അതില്‍ നമുക്ക് അനുഭവങ്ങളുണ്ട്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തറക്കല്ലിട്ട കൊച്ചി വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനായിരുന്നു. അതില്‍ പങ്കെടുത്തത് ബിജെപി സിവില്‍ ഏവിയേഷന്‍ മന്ത്രിയാണ്. കെ.കരുണാകരും ഇ.കെ.നയനാരും വികസനത്തിന് വേണ്ടി യോജിച്ചു. അത്തരത്തിലുള്ള യോജിപ്പാണ് നമുക്ക് ആവശ്യം.
















