പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കാണാനില്ല. ഇവരെ ചോദ്യം ചെയ്യാനായി ഡൽഹിയിലെത്തിയ മുംബൈ പൊലീസ് ദിവസങ്ങളോളമായി രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകളുണ്ട്. അഞ്ച് ദിവസത്തോളമായി ഡൽഹിയിലുള്ള മുംബൈ പൊലീസിന് ഇതുവരെ നുപുർ ശർമയെ കണ്ടെത്തൻ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും മുംബൈ പൊലീസിൻ്റെ പക്കലുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ആളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
















