ന്യൂഡൽഹി: കോൺഗ്രസിൻറെ കമ്യൂണിക്കേഷൻ, പബ്ലിസിറ്റി ചുമതലയിൽ നിന്ന് രൺദീപ് സിംഗ് സുർജേവാലയെ മാറ്റി. പകരം ഈ ചുമതല മുതിർന്ന നേതാവ് ജയറാം രമേശിന് നൽകി. സുർജെവാല കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.
ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മാറ്റി. തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് അയച്ചു.
ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പം കഴിയണമെന്ന രാഹുലിന്റെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു.
















