കൊച്ചി : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ ആറ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഷാജ് കിരണിനെ വിട്ടയച്ചു. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമ൦ നടന്നതായി ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജ് ആവർത്തിച്ചു.
താന്‍ സര്‍ക്കാരിന്റെ ദൂതനല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. താന്‍ ഡിജിപിക്ക് നല്‍കിയ പരാതിപ്രകാരമുള്ള എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വിശദീകരിച്ചിട്ടുണ്ട്. വിശദമായ മൊഴിയാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈമാറിയിട്ടില്ല. തെളിവുകള്‍ സമയത്തിന് നല്‍കുമെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കേരളം വിട്ട ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മൊഴി നല്‍കുന്നതിനായി ഇന്ന് രാവിലെയാണ് മടങ്ങിയെത്തിയത്. കൊച്ചിയിലെത്തിയ ഷാജിനെ അന്വേഷണസംഘം ഇന്ന് ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്.
തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാജിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്തത്. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുടെ കേസിൽ ഇടപെട്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. അതേ സമയം, കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്നാണ് ഷാജ് ഉയർത്തുന്ന വാദം. ഈ പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടി.
















