ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തുടർച്ചയായ മൂന്നാം ദിവസവും രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ബുധനാഴ്ച ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് രാഹുലിനെ വിട്ടയച്ചത്.
രാവിലെ 11.35ന് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇഡി ആസ്ഥാനത്ത് എത്തിയത്. രാഹുലിനെ വിട്ടയുടൻ പ്രിയങ്ക മടങ്ങി. ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയ രാഹുൽ വൈകുന്നേരം നാലിന് വീണ്ടും ഇഡി ആസ്ഥാനത്തേക്ക് മടങ്ങിയെത്തി.
യംഗ് ഇന്ത്യൻ കമ്പനി ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ലെന്നും ഒരു രൂപ പോലും അതിൽ നിന്നും എടുത്തിട്ടില്ലെന്നുമാണ് രാഹുൽ ഇഡിക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, 2010ന് ശേഷം ഒരു തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനവും കമ്പനി നടത്തിയിട്ടില്ലെന്നും ഉണ്ടെങ്കിൽ അതിന്റെ രേഖകൾ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടു.
ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി പരിസരത്ത് ഇന്നും കോണ്‍ഗ്രസിന്റെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, സച്ചിന് പൈലറ്റ്, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി ജെബി മേത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്.
















