ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതാ ബാനർജി വിളിച്ച യോഗം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 17 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. കോൺഗ്രസും ഇടതുപക്ഷവും സമാജ്‍വാദി പാർട്ടിയുമെല്ലാം യോഗത്തിലേക്കെത്തി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ആർ എസ്‍ പി, സമാജ്‍വാദി പാർട്ടി, ആർ എൽ ഡി, ശിവസേന, എൻ സി പി, ഡി എം കെ, പി ഡി പി, എൻ സി, ആർ ജെ ഡി, ജെ ഡി എസ്, ജെ എം എം, സി പി ഐ എം എൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ടി ആർ എസ്, എ എ പി, ബി ജെ ഡി, അകാലിദൾ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.
പ്രതിപക്ഷത്തിനായി പൊതു സ്ഥാനാർഥിയെ നിർത്താൻ യോഗത്തിൽ ധാരണയായി. സ്ഥാനാർഥിയെ തീരുമാനിക്കാൻ ഈ മാസം 21 ന് മുൻപായി വീണ്ടും യോഗം ചേരും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും തീരുമാനമായി.
കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമത ബാനർജി വീണ്ടും രാഷ്ട്ര പതി സ്ഥാനാർത്തിയായി ശരത് പവാറിന്റെ പേര് നിർദ്ദേശിച്ചു എന്നാൽ പവർ നിരസിച്ചു. ഗോപാല കൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നീ പേരുകളും മമത നിർദ്ദേശിച്ചെങ്കിലും, ഒരു പേരിലേക്ക് ഉടൻ എത്തേണ്ടതില്ലെന്ന് ഒമർ അബ്ദുള്ള അഭിപ്രായമറിയിച്ചു.
പവാർ പിൻവാങ്ങിയതിനാൽ ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് മുൻഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും.
ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്ത പാർട്ടികൾ ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചു തീരുമാനമെടുക്കാമെന്ന് യോഗത്തിൽ ധാരണയായി. അതേസമയം യോഗത്തിൽ തർക്കം ഉണ്ടായി. പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നാലുവരി മാത്രം യോഗം അംഗീകരിച്ചു.
ഈ മാസം , 20 നോ 21 നോ ഇതിനായി വീണ്ടും യോഗം ചേരും. യോഗത്തിൽ മമത നടത്തിയ പ്രസംഗത്തെ പ്രമേയമായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മറ്റ് പാർട്ടികൾ എതിർത്തു തുടർന്ന്, രാജ്യത്തിന്റെ 75 ആം വാർഷികത്തിൽ ഭരണഘടന മൂല്യങ്ങളും മതേതരത്വവും ഉയർത്തി പിടിക്കുന്ന രാഷ്ട്രപതി സ്ഥാനാർഥി യെ നിർത്തു മെന്ന് യോഗം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.
















