മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്‌ന സുരേഷ്. മകൾ വീണയുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി സംസാരിച്ചുവെന്ന് സ്വപ്‌ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ഷാർജ ഐടി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ഉണ്ടായിരുന്നു. തന്നെ പുറത്തു നിർത്തിയായിരുന്നു ചർച്ച. രാജകുടുംബത്തിന്റെ എതിർപ്പ് കാരണം പദ്ധതി നടന്നില്ല. ഇക്കാര്യങ്ങൾ കസ്റ്റംസിനെ നേരത്തെ
തന്നെ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ പറയുന്നു.
ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയെന്ന ആരോപണവും ഇതിൽ പറയുന്നുണ്ട്. ലോഹ കഷണങ്ങൾ കാറിൽ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കോൺസുലേറ്റിന്റെ വലിയ വാഹനത്തിൽ പ്രത്യേക പേപ്പറിൽ സീൽ ചെയ്ത് ബിരിയാണി ചെമ്പുകൾ വഴിയാണ് എത്തിച്ചതെന്നാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്.
















