ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു.500 ഓളം പേരുടെ നാല് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ 104 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭിന്നശേഷിക്കാരനായ കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. ജൂൺ 10 നാണു സംഭവം.
രാഹുല്‍ സാഹു എന്ന കുട്ടിയാണ് വീടിന് പുറകുവശത്തുള്ള കുഴല്‍ കിണറിലാണ് രാഹുല്‍ സാഹു അബദ്ധത്തില്‍ കാലുവഴുതി വീണത്. കിണറ്റിനുള്ളില്‍ നിന്നും ആരോ നിലവിളിയ്ക്കുന്നതായി ചില നാട്ടുകാര്‍ കണ്ടെത്തുകയും അവര്‍ മറ്റ് പ്രദേശങ്ങളിലുള്ള കൂടുതല്‍ പേരെ വിവരമറിയിക്കുകയുമായിരുന്നു.
അവശനായ കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മണിക്കൂറുകളോളം ചെളിവെള്ളവുമായും ഈര്‍പ്പമുള്ള മണലുമായും സമ്പര്‍ക്കമുണ്ടായത് കൊണ്ടുള്ള താല്‍ക്കാലിക പ്രശ്‌നങ്ങളാണ് കുട്ടിക്കുള്ളതെന്നും ഉടന്‍ തന്നെ കുട്ടി ആരോഗ്യം വീണ്ടെടുക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. പൊലീസ്, ആര്‍മി ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, പ്രാദേശിക ഭരണകൂടത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുതലായവരും ദിവസങ്ങള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ ഫോഴ്‌സിനേയും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അഭിനന്ദിച്ചു.
















