കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇൻഡിഗോ വിമാനക്കമ്പനി ഡിജിസിഎയ്ക്ക് പ്രഥമ വിവര റിപ്പോർട്ട് നൽകി. പ്രതിഷേധവുമായി എത്തിയവരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചുവെന്നും എന്നാൽ ഇതിനിടെ പ്രതിഷേധക്കാരെ ഇ.പി. ജയരാജൻ പിടിച്ച് തള്ളിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡിജിസിഎയ്ക്ക് കൈമാറി.
കേസിൽ വിമാനക്കമ്പനിയും വിമാനത്തിലെ ജീവനക്കാരും നല്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്. അതേസമയം, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇ.പി. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. തുടർന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.
സംഭവത്തിൽ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജനെതിരെ ഇൻഡിഗോയുടെ റിപ്പോർട്ടിൽ പരാമർശം വന്നത്.
















