ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്.
വൈകിയാണെങ്കിലും ചൊവ്വാഴച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത് നിരാകരിച്ചു. നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ ചുമത്തിയ കള്ളപ്പണക്കേസിലാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്.
ആദ്യ ദിവസത്തിന് സമാനമായി ചൊവ്വാഴ്ച രാവിലെ 11.30-നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. ഓഫീസിലേക്കെത്തിയത്. ഇ.ഡി.ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു.
കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ 11.30നാണ് രാഹുൽ ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും വൻ തോതിൽ പോലിസിനെയും അർധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു.
അതേസമയം, ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ വിട്ടയച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തേക്കെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ മാണിക്കം ടഗോർ, അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദർ സിങ് ഹൂഡ, രൺദീപ് സിങ് സുർജേവാല എന്നിവരെയാണ് വിട്ടയച്ചത്. അകാരണമായി തടഞ്ഞുവച്ചെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു.
















