പാലക്കാട്: മൊബൈല്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കസബ പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഷാജഹാനെ കഴിഞ്ഞ ദിവസം സിപിഎം പുറത്താക്കിയിരുന്നു.
ഷാജഹാനെ കണ്ടെത്താൻ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാജഹാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ കാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ വീട്ടുപരിസരത്തുനിന്ന് യുവതിയുടെ വീട്ടുകാര്‍ ഷാജഹാന്റെ ഫോണ്‍ കണ്ടെടുത്തിരുന്നു. ഫോണ്‍ സഹിതമാണ് യുവതി പരാതിനല്‍കിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ബഹളം വെച്ചപ്പോള്‍ പുറത്ത് നിന്നയാള്‍ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോഴാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഷാജഹാനാണെന്ന് വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു.
















