സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഊർജ്ജ സംരക്ഷണത്തിൽ സ്വയം മാതൃകയാകാൻ കെഎസ്ഇബി. പൊതുജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ അഭ്യർഥിക്കുന്നതിനൊപ്പം കെഎസ്ഇബിയിൽ നിന്ന് തന്നെ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്ന് കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി രാജമാണിക്യം കെഎസ്ഇബി ജീവനക്കാർക്ക് അയച്ച കത്തിൽ നിർദേശിക്കുന്നു.
കെഎസ്ഇബി ഓഫീസുകളിൽ വൈകുന്നേരം ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണമെന്നും വീടുകളിൽ 6 മുതൽ 12 വരെ എസി നിയന്ത്രിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് ഒഴിവാക്കി, ഓഫ്-പീക്ക് സമയത്തേക്ക് ക്രമീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. ഊർജ്ജ സംരക്ഷണം നമ്മളിൽ നിന്ന് തുടങ്ങട്ടെയെന്നും വൈദ്യുതി നിയന്ത്രിക്കുമെന്ന് പറയുന്നതിനു മുമ്പേ ഞങ്ങൾ ആദ്യം അത് ചെയ്തു കാണിക്കുന്നു എന്നാവണമെന്നും കത്തിൽ പറയുന്നു.

















