കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
“എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല.”- സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.
















