കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹർജി. ജഡ്ജിയ്ക്കെതിരെയും ഹർജിയിൽ ആരോപണം ഉയരുന്നുണ്ട്.
നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്‍റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരിക്കുന്നത്.
















