തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കെപിസിസി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പൊലീസിനെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.
അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തിൽ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസിൽ കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസ് എടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
















