തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയത്. മുട്ടന്നൂർ എയിഡഡ് യു പി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് അധ്യാപകനായ ഫര്‍സിന്‍. പ്രതിഷേധിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാറും ഫര്‍സിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. പിടിയിലായവർ യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്ന വ്യാജേനയാണ് ഇവർ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയത്.
അക്രമത്തിന് പിന്നിലെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണം. ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ചരിത്രം കെ സുധാകരനാണ് ഉള്ളത്. ആക്രമണശ്രമം നടന്നിട്ടും അക്രമികളെ തള്ളിപറയാൻ കെ സുധാകരൻ ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഗൂഢാലോചന പുറത്തുവരും.
മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ഇപ്പോൾ ശ്രമിച്ചത്. ലക്ഷക്കണക്കിന് സഖാക്കൾ മുഖ്യമന്ത്രിക്ക് കരുത്തായി ഉണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇന്ന് വൈകീട്ട് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽവെച്ചാണ് അദ്ദേഹത്തിനെതിരെ ഫർസീൻ മജീദ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇദ്ദേഹത്തിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്. എന്നാൽ വിമാനത്തിലെ പ്രതിഷേധം അസാധാരണമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നത്.
















