തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് എതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി.
തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. എകെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. കാറിന്റെ ചില്ല് അടിച്ചുതകർക്കാൻ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ് സംഘർഷമുണ്ടായി.നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ പന്തം കൊളുത്തി പ്രകടനവും
ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.
യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ് – ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്. കെ. സുധാകരന്‍ ആര്‍എസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചത്. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി വന്ന വിമാനത്തിൽ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതിഷേധിച്ചവരെ പിടിച്ചു തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.
















