കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ അനുമതി.മണിച്ചൻ ഉൾപ്പടെ 33 തടവുകാരെ മോചിപ്പിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയത്. മണിച്ചൻ ഉള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. ഗവർണർ ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ നൽകിയ മറുപടി പരിശോധിച്ച ശേഷമാണ് അനുമതി.
മണിച്ചനു പുറമേ കുപ്പണ വിഷമദ്യ ദുരന്തക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളും രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചൻ 22 വർഷം ശിക്ഷ പൂർത്തിയാക്കി. 31 പേരാണ് കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ മരിച്ചത്.
വിട്ടയയ്ക്കാൻ ശുപാർശ ചെയ്തവരുടെ പട്ടികയിൽ ഹീന കുറ്റകൃത്യങ്ങൾ ചെയ്തവർ ഇല്ലെന്നാണു സർക്കാരിന്റെ നിലപാട്.മണിച്ചനെ മോചിപ്പിക്കാനുള്ള നടപടി സർക്കാർ തുടങ്ങിയതു സുപ്രീംകോടതി ഇടപെടലിനു നാലു മാസം മുൻപേയാണ്.
ദീർഘകാലമായി ജയിലിൽ കഴിയുന്ന 184 പേരുടെ പട്ടിക പരിശോധിച്ചു മോചിപ്പിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കി നൽകാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയത് 2021 ഒക്ടോബറിൽ. ഈ പട്ടികയിൽ മണിച്ചനും ഉൾപ്പെട്ടിരുന്നു. മണിച്ചന്റെ മോചനം അഭ്യർഥിച്ച് ഭാര്യ ഉഷ ചന്ദ്രൻ നൽകിയ റിട്ട് ഹർജിയിൽ നിലപാടറിയിക്കാൻ സുപ്രീംകോടതി സർക്കാരിനോടു നിർദേശിച്ചത് 2022 ഫെബ്രുവരി 4നു മാത്രമാണ്.
















