കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാമോർച്ച, യൂത്ത് ലീഗ് പ്രതിഷേധം. കണ്ണൂർ ഗസ്റ്റ് ഹൗസിനു മുന്നിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് തടഞ്ഞു, ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയ ഉടൻ കന്റോൺമെന്റ് റോഡിൽ വാഹന വ്യൂഹത്തിനു നേരെ ഒരു കെഎസ്‌യു പ്രവർത്തകന്റെ കരിങ്കൊടി കാണിച്ചതോടെ ഇയാളെ പൊലീസ് പിടികൂടി. ഇതേസമയത്ത് ഒരു സിപിഎം പ്രവർത്തകൻ ചെങ്കൊടിയുമായി ഓടിയെത്തി കെഎസ്‌യു പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചു.
തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു സമീപത്ത് യൂത്ത് കോൺഗ്രസും യൂത്ത്‌ലീഗും പ്രതിഷേധിച്ചു. പൊലീസ് 2 തവണ ലാത്തിവീശി. നിലത്തു വീണ പ്രവർത്തകനു പൊലീസ് മർദനമേറ്റു.മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ കനത്ത സുരക്ഷയാണ്. കരിങ്കൊടി പ്രതിഷേധം അടക്കം തടയുന്നതിനായി എഴുന്നൂറോളം പൊലീസുകാരെ വിന്യസിച്ചു. സിറ്റി, റൂറൽ പരിധിയിലെ ഏതാണ്ട് മുഴുവൻ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി കടന്നുപോകുന്ന സമയം ഇടറോഡുകൾ അടച്ചിട്ടേക്കും.
















