ബംഗളൂരു: ആർഎസ്എസ് നേതാവായിരുന്ന വി ഡി സവർക്കറുടെ ചിത്രം ക്ലാസ് മുറിയിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കർണാടകയിലെ കോളജിൽ സംഘർഷം. കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐയുടെ നേതൃത്വത്തിലാണ് സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയർത്തിയത്. ഹംപാൻകട്ടയിലെ യൂനിവേഴ്‌സിറ്റി കോളജിലാണ് സംഭവം.
ബിജെപി വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ പ്രവർത്തകരാണ് ബ്ലാക്ക് ബോർഡിന് മുകളിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചത്. ഇതിനെതിരേ എൻ.എസ്.യു.ഐ, കാംപസ് ഫ്രണ്ട് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തി പ്രിൻസിപ്പലിനെ ഘൊരാവൊ ചെയ്തു.
എ.ബി.വി.പി പ്രവർത്തകർ മൂന്ന് കാംപസ് ഫ്രണ്ട് പ്രവർത്തകരെ മർദിച്ചതായും പരാതിയുണ്ട്. റിഫാസ്, സിദ്ദീഖ്, മർസൂഖ് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവിഭാഗത്തിന്റെയും പരാതിയിൽ കേസെടുത്തതായി മംഗളൂരു സിറ്റി പൊലിസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.
എന്നാൽ അനുമതിയില്ലാതെയാണ് സവർക്കറുടെ ചിത്രം സ്ഥാപിച്ചത്. സവർക്കറുടെ ചിത്രം സ്ഥാപിക്കാൻ വിദ്യാർഥികൾ അനുമതി ചോദിച്ചിരുന്നില്ലെന്നും പിന്നീട് അവർ മാപ്പുപറഞ്ഞുവെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
















