ന്യൂഡൽഹി: ബിജെപി നേതാക്കൾ നടത്തിയ മുസ്‍ലിം പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത യു പി സർക്കാറിന്റെ വിവാദ നടപടിയിൽ പ്രതിഷേധവുമായി എംഎസ്എഫ്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവരുടെ വീടുകളും സ്വത്തുക്കളും ബുൾഡോസർ ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും മുസ്‍ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
സമരക്കാരെ സാമൂഹ്യ വിരുദ്ധർ എന്ന് പേരിട്ട് മർദിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി പൊലീസിന് സമ്പൂർണ അധികാരം നൽകിയിട്ടുണ്ട്. ജെ.എൻ.യു വിദ്യാർഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയും കുടുംബവും ഈ പൊളിക്കൽ ഡ്രൈവിൽ ഉൾപ്പെട്ടിരുന്നു. അവരുടെ കുടുംബത്തെ യു പി പൊലീസ് മർദിക്കുകയുമുണ്ടായി. കാൺപൂരിലും സഹരൻപൂരിലും നടന്ന പൊളിക്കൽ മാനുഷികവും ഭരണഘടനാപരവുമായ മൂല്യങ്ങൾക്കെതിരാണ്.
സാധ്യമായ തരത്തിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എംഎസ്എഫ് പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, ഇരയാക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ നിയമപരവും സാമ്പത്തികവുമായ സഹായവും പിന്തുണയും നൽകുമെന്നും എംഎസ്എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
















