കൊച്ചി: കെ ടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരാണെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു. കൊച്ചിയില്‍ അഭിഭാഷകനുമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സ്വപനയുടെ പ്രതികരണം.
യഥാർത്ഥ ഗൂഢാലോചന നടത്തിയത് കെ ടി ജലീലാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സ്വപ്ന പറഞ്ഞു. ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു.
തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിൻവലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്‍റെ സുരക്ഷ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, പൊലീസ് സംരക്ഷണം വേണ്ടെന്നും പ്രതികരിച്ചു.
അതേസമയം, ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം.
















