കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡിൽ. വിവിധ അക്രമ കേസുകളിൽ ഉൾപ്പെട്ട ആർഷോ കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്ഐ സമ്മേളത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. തുടർന്നാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്.
ദേഹപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ അർഷോയെ റിമാൻഡ് ചെയ്തു. ഇദ്ദേഹത്തെ സഹപ്രവർത്തകർ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് ജയിലിലേക്ക് അയച്ചത്. ഇതിനു പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അറസ്റ്റു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.
ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പരാതിക്കാരൻ പ്രതിക്കെതിരായി കൂടുതൽ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു.
















