മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം. മലപ്പുറം കുര്യാട് കോണ്‍ഗ്രസ്–മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കോഴിക്കോട് പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനായി തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയിൽ മറഞ്ഞു നിന്ന ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം പൊലീസാണ് നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.
















