മലപ്പുറം: സോണിയക്കും രാഹുലിനും നോട്ടീസ് കൊടുത്തത് കോൺഗ്രസുകാർ അറിഞ്ഞിട്ടില്ലെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നു. പക്ഷേ ആ സംഭവം ഇവിടുത്തെ യുഡിഎഫുകാര്‍ പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടേയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന് അവര്‍ ചോദിക്കുന്ന സ്ഥിതിയാണ്. അതേക്കുറിച്ച് അവര്‍ മിണ്ടുന്നേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നേരിട്ട് മറുപടി നല്‍കുന്നില്ലെങ്കിലും അദ്ദേഹം അതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്ന് പിണറായി വിമര്‍ശിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക് ഏര്‍പ്പെടുത്തി. കറുത്ത മാസ്കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിർദേശമുണ്ടെന്നാണ് സംഘാടകർ പറയുന്നത്. മലപ്പുറത്തെ രണ്ട് പരിപാടികൾക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. 700 ലേറെ പൊലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതെങ്കിൽ 500 ലേറെ പൊലീസുകാരെയാണ് കോഴിക്കോട് വിന്യസിക്കുക.
















