തിരുവനന്തപുരം: മുഖ്യമന്ത്രി പുറത്തിറക്കുമ്പോൾ ജനങ്ങൾ വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിരപരാധിയാണെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത്. ഭയംകൊണ്ടാണ് കാണുന്നതെല്ലാം മുഖ്യമന്ത്രിക്ക് കറുപ്പായി തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ടാണ്. അദ്ദേഹത്തിന്റെ വെപ്രാളം കണ്ടിട്ട് കറുപ്പ് കൂടി നിരോധിക്കുമോയെന്ന് ഭയക്കുന്നതായും സതീശൻ പറഞ്ഞു. ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പോലീസ് സ്റേഷനിൽ നിർത്തിയത്. കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് കാണുന്നതെല്ലാം അദ്ദേഹത്തിന് കറുപ്പായി തോന്നുന്നത്. ഇത് ഹിറ്റ്ലറുടെ കേരളമാണോ എന്ന് വി.ഡി സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് ജനങ്ങൾക്ക് നല്ലത്. ജനത്തെ ദ്രോഹിച്ച് എല്ലാ ദിവസവും എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പുറത്തിറങ്ങുന്നത്. കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ പോലീസ് അകമ്പടിയിൽ സഞ്ചരിച്ചിട്ടില്ല.
സ്വർണക്കടത്ത് കേസിൽ ഓരോദിവസവും ദുരൂഹത വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീതിയും വെപ്രാളവും പരിഭ്രാന്തിയും ഓട്ടവും കണ്ടിട്ട് ഇതില്‍ എന്തോ ഉണ്ടെന്ന് ജനങ്ങളും സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു- സതീശൻ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും അനങ്ങാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാർക്ക് നല്ലതെന്നും ആരെയും ഭയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു. അവതാരങ്ങളെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ഒമ്പതാമത്തെ അവതാരമാണ് ഷാജ് കിരൺ. എന്തുകൊണ്ടാണ് പൊലീസ് ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തതെന്നും സതീശന്‍ ചോദിച്ചു.
















