തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം.
കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാസ്ക് മാറ്റാൻ നിര്‍ദേശിച്ചതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കലൂരില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതു വിവാദമായി. മെട്രോയിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
















