തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ വർധിപ്പിച്ചതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം രംഗത്ത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷ ഓർമ്മിപ്പിച്ചാണ് റഹീം രംഗത്ത് വന്നത്. ‘തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ!!.’ – അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവച്ച് റഹീം ഇങ്ങനെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘം അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കുമെന്ന വാർത്തയാണ് റഹിം പങ്കുവച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ച സാഹചര്യത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ ഇന്റലിജൻസ് നിർദ്ദേശിച്ചിരുന്നു.
ഇതോടെ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സ്കോർപിയോൺ കമാൻഡോകൾ സുരക്ഷ ഏറ്റെടുക്കുമെന്നായിരുന്നു വാർത്ത. മുഖ്യമന്ത്രിക്കൊപ്പം തോക്കേന്തിയ 15 കമാൻഡോകൾ ഉണ്ടാകുമെന്നും വാർത്തയിലുണ്ട്. ഇന്ത്യൻ സൈന്യം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരിക്കുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് റഹിമിന്റെ പരിഹാസം.
റഹീമിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം.
മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത.
തോക്കേന്തിയ കമാന്റോപടയുമായി
ഒരു മുഖ്യൻ
നാട് ഭരിച്ചകാലം.
അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ
ഉപയോഗിക്കുന്ന തോക്കുകൾ!!.
















