ചണ്ഡിഗഡ്: ഹരിയാനയിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത എം.എൽ.എയെ പുറത്താക്കി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ക്ഷണിതാവായിരുന്ന കുൽദീപ് ബിഷ്‌ണോയിയെയാണ് ചുമതലകളിൽനിന്ന് കോൺഗ്രസ് പുറത്താക്കിയത്.
കുൽദീപിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് വിവേക് ബൻസാൽ അറിയിച്ചിരുന്നു. രാജിവെയ്ക്കാൻ ബിഷ്‌ണോയ് തയ്യാറായില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ബിഷ്‌ണോയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ബിഷ്‌ണോയ്. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഢയുടെ അടുത്ത അനുയായി കൂടിയായ ഉദയ് ഭാനിനെ അധ്യക്ഷനാക്കിയതാണ് ബിഷ്‌ണോയിയെ ചൊടിപ്പിച്ചത്. ഇതോടെ പാർട്ടി വിടാനുള്ള തയ്യാറെടുപ്പുകൾ ബിഷ്‌ണോയ് നടത്തുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായും ബിഷ്‌ണോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിഷ്‌ണോയ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.
















