കണ്ണൂർ: മുഖ്യമന്ത്രിയുടെ സഹോദരന്‍റെ മകനിൽ നിന്നും വധഭീഷണി നേരിടുന്നതിനാൽ പേടിയോടെയാണ് കണ്ണൂരിൽ കഴിയുന്നതെന്ന് മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന്‍റെ പിന്നാലെയാണ് ശ്വാസം ബാക്കി കാണില്ല എന്ന ഭീഷണി വാട്സാപ് വഴി മുഖ്യമന്ത്രിയുടെ ബന്ധു സത്യൻ അയച്ചത്. മാധ്യമപ്രവർത്തകൻ ചെയ്ത പണിക്കുള്ള മറുപടിയാണ് നൽകിയതെന്നെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും സത്യൻ പ്രതികരിച്ചു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുകയാണ്. കണ്ണൂരിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് കണ്ണൂർ മീഡിയ ഓൺലൈൻ ചാനലിന്‍റെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് വാട്സാപ്പിൽ ഭീഷണി സന്ദേശം എത്തിയത്.
















