കൊച്ചി: രഹസ്യമൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റ് നീക്കം ആരംഭിച്ചു. മൊഴി പകർപ്പ് തിങ്കളാഴ്ച ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, രഹസ്യമൊഴിയിൽ എൻഫോഴ്സ്മെന്‍റ് നടപടി വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് സ്വപ്ന സുരേഷ് നടത്തുന്ന നീക്കം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് അർഷദ് ഖാൻ ആണ് സ്വപ്ന സുരേഷിന്‍റെ 164 മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴി നിലവിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് തിരിച്ച് നൽകി കഴിഞ്ഞു. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിലാണ് സ്വപ്ന സുരേഷ് 164 മൊഴി നൽകിയത് എന്നതിനാൽ ഇഡിയ്ക്ക് ഈ മൊഴി പകർപ്പ് വാങ്ങി തുടർ അന്വേഷണം നടത്താനാകും.
















