സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ആശങ്കയിൽ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികൾക്ക് വൻ സുരക്ഷാ സന്നാഹം. കോട്ടയത്ത് മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന സിപിഎമ്മിന്റെ പോഷകസംഘടനയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ തന്നെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഗസ്റ്റ് ഹൗസില്‍ നിന്നും പരിപാടി നടക്കുന്ന ഹാള്‍ വരെയുള്ള റോഡുകളിലെല്ലാം പൊലീസിനെ വിന്യസിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി വിലയിരുത്തി.
ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും.
മാധ്യമപ്രവര്‍ത്തകര്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളിനുള്ളില്‍ പ്രവേശിച്ച് സംഘാടക സമിതി ഓഫീസില്‍ നിന്നും പാസ് വാങ്ങിയ്ക്കണം .ഇത് കയ്യിലുള്ളവർക്ക് മാത്രമേ പ്രേവേശനം അനുവദിക്കൂ. കോട്ടയം നഗരത്തിലും പൊലീസ് സുരക്ഷ ശക്തമാക്കി. വാഹനങ്ങളെല്ലാം വഴിതിരിച്ചു വിട്ടു.
പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
















