ജയ്പൂര്‍: രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ജയം. പ്രമോദ് തിവാരി, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് വിജയിച്ചത്. ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്.
ബി.ജെ.പി പിന്തുണച്ച സീ ചാനൽ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കോണ്‍ഗ്രസ് എം.എൽ.എമാരുടെ ഐക്യം ബി.ജെ.പിക്ക് ഉചിതമായ മറുപടി നൽകിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. വിജയം കോൺഗ്രസിന്‍റേതല്ല, ജനാധിപത്യത്തിന്‍റേതാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ ജയറാം രമേശും ബി.ജെ.പിയുടെ നിര്‍മല സീതാരാമനും വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറൻഷ്യൽ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിർമ്മലാ സീതാരാമൻ, നടൻ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു.
ഹരിയാനയിൽ ഫലപ്രഖ്യാപനം വൈകും. കോൺഗ്രസ് എംഎൽഎമാർ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോൺഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബിജെപിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും വോട്ടെണ്ണൽ വൈകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണൽ ആരംഭിക്കൂ. ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകൾ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത്.
പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ സീറ്റില്‍ മഹാവികാസ് അഘാഡിക്കും, കര്‍ണ്ണാടകത്തിലെ സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കമെന്നാണ് സൂചന. 11 സംസ്ഥാനങ്ങളില്‍ എതിരില്ലാതെ 41 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നു.
















