തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങളില്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസ് കോടതിയുടെ പരിഗണനയിലാണെന്നും അതുകൊണ്ട് സ്വപ്നയുടെ ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വപ്ന സുരേഷിന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന്‍റെ തെളിവായുള്ള ശബ്ദ സന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ”കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ… അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ വെറുതെ വിടില്ല…” തുടങ്ങിയ ഭീഷണികളടങ്ങുന്ന ശബ്ദസന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.
എന്‍റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാർ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വപ്ന പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
















