കൊച്ചി: ഷാജ് കിരണ്‍ അടുത്ത സുഹൃത്താണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ വീട്ടിലേക്ക് വന്നത്. എന്നാല്‍ മാനസികമായി തളര്‍ത്തി, രഹസ്യമൊഴി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഷാജ് കിരണ്‍ ശ്രമിച്ചതെന്നും സ്വപ്‌ന ആരോപിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നും 45 മിനിറ്റിനകം വിട്ടയക്കുമെന്നും ഷാജ് കിരണ്‍ തന്നെയാണ് വിളിച്ചറിയിച്ചത്.
ഇന്നലെ ഉച്ചമുതല്‍ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാര്‍ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായും സ്വപ്ന സുരേഷ് പറഞ്ഞു.
സത്യം പുറത്തുവരില്ലെന്ന ഭയം കൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് ചെയ്താല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്നു ഭയന്നു. ആ ഭയമൂലമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണം തടസപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
എന്നാല്‍ ഇവരുടെ ഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മാത്രമല്ല, സരിത്ത് നിലവില്‍ ഈ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
















