തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഇടപ്പെട്ട് ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ള് പനിയെപ്പറ്റി എല്ലാവര്ക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നേരത്തെ ചെറിന്നിയൂര് മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു.
വർക്കല മരടുമുക്ക് സ്വദേശിനി അശ്വതി(15) ആണ് ചെള്ള് പനി ബാധിച്ചു മരിച്ചത്. പനിയും ഛർദിയും മൂലം ഒരാഴ്ച മുൻപ് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ അശ്വതി കുഴഞ്ഞ് വീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
















