തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടു. ഹൈന്ദവാചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം വിവാഹ ചിത്രങ്ങൾ പങ്കുവയ്ക്കും.
കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിനായി ഒരു കൂറ്റൻ ഗ്ലാസ് ഹൗസ് മണ്ഡപമാണ് ഒരുക്കിയത്.വിഘ്‌നേഷ് ശിവനും നയൻതാരയും ജൂൺ 11-ന് ദമ്പതികളായി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടും.തങ്ങളുടെ വിവാഹദിനം അർഥവത്തായതും തങ്ങൾക്കും ചുറ്റുമുള്ള ആളുകൾക്കും അവിസ്മരണീയവുമാക്കാൻ ഇരുതാരങ്ങൾ ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടിൽ ഉടനീളമുള്ള 18,000 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. ഒട്ടേറെപ്പേരാണ് താര ദമ്പതികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചത്.
ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള താരങ്ങൾ വിവാഹചടങ്ങിൽ എത്തി. നയൻതാരയുടെ വിവാഹത്തിന് പങ്കെടുക്കുന്ന സന്തോഷം അറിയിച്ചുകൊണ്ട് ഷാരുഖ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തു.
താരങ്ങളുടെ വിവാഹ ചടങ്ങുകൾ ഗൗതം മേനോൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. പിന്നാലെ ഇത് ഒരു ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ലിക്സിന് വമ്പൻ വിലയ്ക്ക് വിൽക്കും.
















