തിരുവനന്തപുരം: കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയ നിലയിലാണിപ്പോൾ.
2013 സെപ്തംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബർ വിഭാഗം തുടരുകയാണ്. എന്നാൽ പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
















