തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീല്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കും. ഗൂഢാലോചന, കലാപ ശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുക.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വപ്നയുടെ ആരോപണമെന്നും പി.സി ജോർജും സ്വപ്നയും തമ്മിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ കെ.ടി ജലീല്‍ പരാതി നല്‍കിയത്. എന്നാല്‍, കെ.ടി ജലീലിന്റെ പരാതിയില്‍ കേസെടുക്കുന്നതില്‍ പൊലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്ത് കുറ്റകൃത്യത്തിലാണ് കേസെടുക്കേണ്ടെതെന്നതിലായിരുന്നു അവ്യക്തത.
കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുറ്റങ്ങൾ പരാതിയിലില്ല. അപകീർത്തിയിൽ സാധാരണ നിയമ നടപടി കോടതിയിലാണ് സ്വീകരിക്കുന്നത്. ഇതോടെ മേൽ ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
രാവിലെ മുഖ്യമന്ത്രി ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീൽ കൻറോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയാണ് കെ ടി ജലീലിന്റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
















