പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്ത സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് സരിത്തിനെ വിട്ടയച്ചത്. സരിത്തിന്റെ ഫോണും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്.
കസ്റ്റഡിയിലെടുക്കുന്നതിനു നോട്ടീസ് നല്‍കിയിരുന്നു എന്ന വിജിലന്‍സ് വാദം സരിത്ത് തള്ളി. ചെരിപ്പിടാന്‍ പോലും ഉദ്യോഗസ്ഥര്‍ സമ്മതിക്കാതെ ബലമായി പിടിച്ചു കൊണ്ട് പോവുകയായിരുന്നു എന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌ന മൊഴി നല്‍കിയത് ആരു പറഞ്ഞിട്ടാണ് എന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു.
സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലന്‍സ് സരിത്തിനെ കൊണ്ടുപോയത്. ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
















