അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിന്റെയും ഭാര്യ പൂനം ജെയിന്റെയും മറ്റു സുഹൃത്തുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി നടത്തിയ റെയ്‌ഡിൽ 2.82 കോടിയോളം രൂപയും 1.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.മെയ് 30 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെയിനിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ് സത്യേന്ദര്‍ ജെയിന്‍. ജെയിൻ തന്റെ ഭാര്യ, മക്കള്‍, സുഹൃത്തുക്കള്‍, സഹായികള്‍ എന്നിവരുടെ സഹായത്തോടെ ഹവാല ഇടപാടുകളിലൂടെ സ്വരൂപിച്ച 16 കോടിയോളം രൂപ വെളുപ്പിച്ചതായാണ് ഇ.ഡിയുടെ ആരോപണം.
സത്യേന്ദര്‍ ജെയിനിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് സ്വത്ത് അന്യാധീനപ്പെടുത്തുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനായി സഹായിച്ച ആളുകളുടെ കുടുബാംഗങ്ങള്‍ക്ക് ഭൂമി കൈമാറുന്നതിന് ലാലാ ഷേര്‍ സിംഗ് ജീവന്‍ വിഗ്യാന്‍ ട്രസ്റ്റിലെ ഒരു അംഗം സഹായിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ താമസ രേഖകളും ഇഡി കണ്ടെടുത്തു.
തിങ്കളാഴ്ച ഡല്‍ഹിയിലും സമീപത്തെ ചില സ്ഥലങ്ങളിലെ ജ്വല്ലറി ഉള്‍പ്പെടെ ഏഴോളം സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാസം സത്യേന്ദറിന്റേയും കുടുംബത്തിന്റേയും നിയന്ത്രണത്തിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചിരുന്നു. റെയ്ഡിനിടെ കേസിനാസ്പദമായ നിരവധി രേഖകളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. പണവും സ്വര്‍ണ്ണവും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പിഎംഎല്‍എ പ്രകാരം പിടിച്ചെടുക്കുകയാണുണ്ടായതെന്നും ഇ.ഡി വ്യക്തമാക്കി. 2016 മാര്‍ച്ചില്‍ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിന്റെ 1.5 ലക്ഷം ഓഹരികള്‍ സത്യേന്ദര്‍ ജെയിനിന്റെ ഭാര്യ പൂനം കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഷെല്‍ കമ്പനിക്ക് 15 ലക്ഷം രൂപയ്ക്ക് വിറ്റു. ഇത് സത്യേന്ദര്‍ ജെയിനും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഷെല്‍ കമ്പനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. സത്യേന്ദര്‍ ജെയിനിന്റെ പെണ്‍മക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തുക വന്നതിനെപ്പറ്റിയുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
















