തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നാളെ കരിദിനം ആചരിക്കും. വെള്ളിയാഴ്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.
ചരിത്രത്തിലാദ്യമായാണ് സ്വർണക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും രാധാകൃഷ്ണന് ആരോപിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നാളെ വൈകുന്നേരം കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിനുമുന്നില്‍ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബിരിയാണിച്ചെമ്പുമായാണ് പ്രവർത്തകർ എത്തിയത്.
പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധമുണ്ടായി. ഡിസിസി ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കാള്‍ടെക്സില്‍ കോലം കത്തിക്കുകയായിരുന്നു.
















