തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണ്. രാഷ്ട്രീയ താൽപര്യത്തോടെ ചില മാധ്യമങ്ങളെക്കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച തുടർനുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം ജനം തള്ളിക്കളയുമെന്നും കോടിയേരി പറഞ്ഞു.
















