തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ധാർമ്മിക യോഗ്യതയില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്വപ്ന ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രി നേരിട്ട് കറൻസി കടത്തിയെന്നത് കേരളത്തിന് നാണക്കേടാണ്. ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചത് മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.
















