തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയെന്ന് രമേശ് ചെന്നിത്തല. വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
സ്വർണക്കടത്ത് കേസിലെ കാര്യങ്ങൾ എത്ര മൂടി വയ്ക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഇത് പഴയ കേസാണെന്ന് പറഞ്ഞ് ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. ഓരോ ദിവസം കഴിയും തോറും വസ്തുതകള്‍ കൂടുതല്‍ പുറത്ത് വരികയാണ്. ബിരിയാണി പാത്രം കൊണ്ട് മറച്ചുവച്ചാലും സത്യം പുറത്തുവരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
തെരഞ്ഞെടുക്കപെട്ടത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. സർവീസിൽ തിരിച്ചെടുത്ത കൊണ്ട് സത്യം ഇല്ലാതാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെയാണ് ഇതാദ്യമായി സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.
”മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.”-സ്വപ്ന വെളിപ്പെടുത്തി.
















