കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
”മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.”-സ്വപ്‌ന വെളിപ്പെടുത്തി.
അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശമാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോളാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലായത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നതെന്നും സ്വപ്‌ന പറഞ്ഞു.
ഇതോടൊപ്പം വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു.
ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസിൽ കൊണ്ടുപോകുമ്പോൾ കോമൺ സെൻസനുസരിച്ച് ഇത് സിഎമ്മിനറിയാമല്ലോ എന്ന് സ്വപ്ന. ഇതല്ലാതെ പല വിവരങ്ങളും വിശദമായി ഞാൻ രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. സമയം വരുമ്പോൾ എല്ലാ കാര്യങ്ങളും ഞാൻ പുറത്തുപറയാം.
എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വപ്ന മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലിൽ സ്വപ്ന മൊഴി നൽകിയതായാണ് വിവരം. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.
















