വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനം. വിനോദസസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത്.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉണ്ടായിരുന്നു. ഇക്കാര്യം പരിശോധിച്ച് വിനോദസഞ്ചാര വകുപ്പ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭാ സമിതിയുടെ മുന്‍പാകെ സമര്‍പ്പിച്ചു.
















