തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്നും തലമുടി ലഭിച്ചു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ജി.ആര്‍.അനില്‍ കോട്ടണ്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. പാചകപ്പുര സന്ദര്‍ശിച്ച ശേഷം കുട്ടികള്‍ക്കൊപ്പമിരുന്നാണ് മന്ത്രി ഭക്ഷണം കഴിച്ചത്. കുട്ടികളുമായി സംസാരിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തില്‍ നിന്ന് തലമുടി കിട്ടിയത്. ഉടന്‍ തന്നെ പുതിയ പാത്രത്തില്‍ സ്‌കൂള്‍ അധികൃതര്‍ വേറെ ആഹാരം നല്‍കി.
എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നല്ല ഭക്ഷണം തന്നെയാണ് സ്‌കൂള്‍ അധികൃതര്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശുചീകരണം മെച്ചപ്പെടേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലിന് സന്ദര്‍ഭം ഉപകരിച്ചേക്കുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂള്‍ ഉള്‍പ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. സ്ഥല പരിമിതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജി.ആര്‍.അനില്‍ പറഞ്ഞു.
















