ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും പിന്നിലേക്ക് ഇന്ത്യ. 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ സ്‌കോർ സ്വന്തമാക്കി 180ാം സ്ഥാനത്താണ് ഇന്ത്യ. 2012 ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. എന്നാൽ പത്ത് വർഷം കൊണ്ട് 6 പോയിന്റ് കുറഞ്ഞാണ് അവസാനത്തെ സ്ഥാനത്തെത്തിയത്. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.
മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക നിർണയിക്കുന്നത്. ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് സ്‌കോറുകൾ കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കാണ് ആദ്യസ്ഥാനത്ത്.യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ആദ്യ പത്ത് സ്ഥാനത്തുള്ളവർ 77 മുതല്‍ 65 വരെ സ്കോറുകളാണ് നേടിയിട്ടുള്ളത്. ശ്രീലങ്ക 34.7 പോയിന്റും പാക്‌സ്താന്‍ 24.6 പോയിന്റും ബംഗ്ലാദേശ് 23.1 പോയിന്റുമാണ് കരസ്ഥമാക്കിയത്. എന്നാൽ അവസാന സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയുടെ സ്‌കോർ 18 പോയിന്റ് ആണ്. വായു മലിനീകരണം, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്ക്, ജല മലിനീകരണം, പരിഗണന ഇവയും പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നതിൽ പരിഗണിക്കുന്ന ഘടകങ്ങളാണ്.
ലോക ശരാശരിയേക്കാള്‍ താഴെയാണ് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലിനജല സംസ്‌കരണത്തിൽ 2 പോയിന്റുമായി 112ാം സ്ഥാനവും കാലാവസ്ഥാ നയത്തില്‍ 21 പോയിന്റ് മാത്രം നേടി 165ാം സ്ഥാനവും പുല്‍മേടുകളുടെ നഷ്ടത്തില്‍ 35 പോയിന്റുമായി 116ാം സ്ഥാനവും മരങ്ങളുടെ നഷ്ടത്തില്‍ 17.20 പോയിന്റുമായി 75ാം സ്ഥാനവുമാണ് ഇന്ത്യക്ക്.
















