ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്ക്. സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ഉയര്‍ത്തിയാണ് ഭീഷണി. തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്കിന്റെ അഭിഭാഷകന് കമ്പനിയ്ക്ക് ഇക്കാര്യം അറിയിച്ച് കത്തയച്ചത്.
ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മെയ് ഒമ്പത് മുതല്‍ മസ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.
‘ട്വിറ്റർ ഇതുവരെ കമ്പനിയുടെ ടെസ്റ്റിങ് രീതികൾ മാത്രമാണ് മസ്കിന് നൽകിയിട്ടുള്ളത്.മറ്റുള്ള വിവരങ്ങളൊന്നും നൽകാൻ തയ്യാറായിട്ടില്ല’. ട്വിറ്ററിന് എഴുതിയ കത്തിൽ മസ്കിന്റെ അഭിഭാഷകർ വ്യക്തമാക്കുന്നു. ഏപ്രിൽ ലയന കരാറിന് കീഴിലുള്ള വിവരാവകാശത്തെ കമ്പനി എതിർക്കുകയും തടയുകയും ചെയ്യുകയാണെന്ന് മസ്കിന്റെ അഭിഭാഷകർ കത്തിൽ പറയുന്നു.
ഏപ്രിലിലെ ലയന കരാര്‍ അനുസരിച്ച് വിവരങ്ങള്‍ അറിയാനുള്ള മസ്കിന്റെ അവകാശം നിഷേധിക്കുകയാണ് കമ്പനി ചെയ്യുന്നത് എന്നും അതുകൊണ്ടു തന്നെ ഇടപാട് പൂര്‍ത്തിയാക്കാതിരിക്കാനും ലയനക്കരാര്‍ അവസാനിപ്പിക്കുന്നതിനുമുള്ള അവകാശം ഇലോണ്മസ്കിനുണ്ടെന്നും അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ട്വിറ്റർ ഷെയറുകളുടെ വില മസ്കിന്റെ ഇടപെടലുകൾ മൂലം കുറയുന്നതായി ആരോപിച്ച് ഷെയർ ഉടമകൾ കഴിഞ്ഞമാസം രംഗത്തെത്തിയിരുന്നു. ഷെയറുകളുടെ കാര്യത്തിൽ 23% ഇടിവായിരുന്നു കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.